Zygo-Ad

ഇന്ധന പ്രതിസന്ധി: ആശ്വാസമായി ഒരു എൽപിജി ടാങ്കർ കൂടി ഇന്ത്യൻ തീരത്തേക്ക്

 


ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ആശ്വാസ വാർത്ത. ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കുള്ള ഏഴാമത്തെ എൽപിജി ടാങ്കർ 'ഗ്രീൻ സാൻവി' ഉടൻ ഇന്ത്യൻ തീരത്തെത്തും. കപ്പൽ ട്രാക്കിങ് ഡാറ്റ പ്രകാരം ഗ്രീൻ സാൻവി നിലവിൽ ലാരക്-ക്വെഷം ചാനൽ പിന്നിട്ടിട്ടുണ്ട്.

നേരത്തെ ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽ, പൈൻ ഗ്യാസ് എന്നീ ആറ് ടാങ്കറുകൾ വിജയകരമായി ഇന്ത്യൻ തീരത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴാമത്തെ കപ്പലിന്റെ വരവ്.

കുടുങ്ങിക്കിടക്കുന്നത് 15 കപ്പലുകൾ

അതേസമയം, ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ 15 എണ്ണ-വാതക കപ്പലുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള പ്രധാന എൽപിജി ടാങ്കറുകളായ 'ഗ്രീൻ ആഷ', 'ജാഗ് വിക്രം' എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത് ആഭ്യന്തര വിപണിയിലെ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

റഷ്യയുമായി ചർച്ചകൾ സജീവം

പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ നീക്കം തുടങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 90 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഇന്ധനം എത്തിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പ്രതിഷേധം ശക്തം

ഇന്ധനക്ഷാമം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ എൽപിജി ക്ഷാമത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഷിംല ബൈപാസ് ഉപരോധിച്ചത് മണിക്കൂറുകളോളം ഗതാഗത തടസ്സത്തിന് കാരണമായി.



വളരെ പുതിയ വളരെ പഴയ