പത്തനംതിട്ട: തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ നടന്ന കൂട്ടബലാത്സംഗത്തിന് പിന്നിൽ ഗൂഢാലോചനയും ബിസിനസ് കുടിപ്പകയുമെന്ന് തെളിയുന്നു. അതിജീവിതയായ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ മർദനവും ക്രൂരമായ ലൈംഗിക പീഡനവുമാണെന്ന് വ്യക്തമാക്കുന്ന മൊഴികൾ പുറത്തുവന്നു. സംഭവത്തിൽ സ്പാ ഉടമകൾ തമ്മിലുള്ള കുടിപ്പകയും പോലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയും ഉണ്ടെന്ന ആരോപണം ശക്തമാണ്.
സഹപ്രവര്‍ത്തകയുടെ ചതിയും ഗൂഢാലോചനയും
സാധാരണ ഞായറാഴ്ചകളിൽ ഡ്യൂട്ടിക്ക് വരാത്ത സഹപ്രവർത്തക സംഭവദിവസം കൃത്യമായി എത്തിയതും പീഡനത്തിന് ഒത്താശ ചെയ്തതും ഗൂഢാലോചനയുടെ തെളിവായി അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഗുണ്ടകൾ ക്രൂരത തുടരുമ്പോൾ ഇവർ അതിന് കൂട്ടുനിന്നെന്നാണ് മൊഴി. യുവതിയുടെ ആൺസുഹൃത്തിന് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
"പെങ്ങളായി കാണാൻ പറഞ്ഞപ്പോൾ മുഖത്തടിച്ചു"; അതിജീവിതയുടെ വെളിപ്പെടുത്തൽ
തൊണ്ടയിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. "ഉപദ്രവിക്കരുത്, പെങ്ങളായി കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ പെങ്ങൾ വേശ്യാലയത്തിലാണോ നിൽക്കുന്നത് എന്ന് ചോദിച്ച് അവർ മുഖത്തടിച്ചു. നഗ്നചിത്രങ്ങൾ പകർത്തി. സ്പാ ഉടമയെ വിളിച്ച് മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി," അതിജീവിത വെളിപ്പെടുത്തി.
പോലീസ്-ഗുണ്ടാ ബന്ധം: വമ്പൻ സ്രാവുകൾ കുടുങ്ങിയേക്കും
തിരുവല്ലയിലെ ചില പോലീസുകാരുടെ സംരക്ഷണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്പാ ഉടമയാണ് ഈ ക്വട്ടേഷന് പിന്നിലെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിച്ചു. ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് ആക്രമണം നടന്നതെന്ന പോലീസ് വാദം ബിസിനസ് തകർക്കാൻ എതിരാളികൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സ്പാകൾ കേന്ദ്രീകരിച്ച് പോലീസുകാർ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം ഒരു പോലീസുകാരനെതിരെ നടപടിയെടുത്തു. കേസിലെ മുഖ്യപ്രതിയായ 'മരണ സുബിൻ' എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും 'കാപ്പ' ചുമത്താൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.