Zygo-Ad

ശബരിമല നെയ്‌ക്കൊള്ള: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ദേവസ്വം ജീവനക്കാരൻ സുനിൽകുമാർ പോറ്റി പിടിയിൽ

 


പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ ആദ്യ അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയും ദേവസ്വം ബോർഡ് ജീവനക്കാരനുമായ സുനിൽകുമാർ പോറ്റിയെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. കേസിലെ 13-ാം പ്രതിയായ ഇദ്ദേഹത്തെ പത്തനംതിട്ട വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിന്റെ ചുമതലക്കാരനായിരുന്ന സുനിൽകുമാർ പോറ്റി, ഏകദേശം 80,000 പാക്കറ്റുകളുടെ വിൽപ്പനയിലൂടെ ലഭിച്ച തുക ദേവസ്വം ബോർഡ് അക്കൗണ്ടിൽ അടച്ചില്ലെന്നാണ് കണ്ടെത്തൽ. ഇതുവഴി ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ബോർഡിന് ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് പുറത്തുവന്നത്.

സംഭവുമായി ബന്ധപ്പെട്ട് സുനിൽകുമാർ പോറ്റിയെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം 33 പേരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ശബരിമല പോലെയുള്ള പുണ്യകേന്ദ്രത്തിൽ നടന്ന ഇത്രയും വലിയ സാമ്പത്തിക തിരിമറി അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതിയും കാണുന്നത്. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനകം സമർപ്പിക്കാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ