പത്തനംതിട്ട/തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിലാണ് സംസ്കാരം.
ഇന്ന് രാവിലെ 7 മണി മുതൽ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ചാപ്പലിൽ പൊതുദർശനം ആരംഭിച്ചിരുന്നു.
നിരവധി പേരാണ് ആ കുഞ്ഞു മാലാഖയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. തുടർന്ന് വിലാപ യാത്രയായി നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലിന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും അവയവദാനത്തിന് തയ്യാറായത്.
ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവ അഞ്ച് കുഞ്ഞുങ്ങൾക്കാണ് പുതുജീവിതം നൽകുന്നത്.
കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് മൃതദേഹം യാത്രയാക്കിയത്. സർക്കാരിന്റെ ആദരവ് സംസ്കാര ചടങ്ങിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
