Zygo-Ad

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം, അല്ലെങ്കില്‍ രാജ്യം വിടണം; വാട്സാപ്പിനോട് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് സോഷ്യല്‍ മീഡിയ ഭീമനായ വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി.

 ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വാട്സാപ്പിന്റെ 2021-ലെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് പങ്കിട്ടുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ വിധിച്ചിരുന്നു. ഈ പിഴയെ ചോദ്യം ചെയ്താണ് മെറ്റയും വാട്സാപ്പും സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി കടുത്ത നിലപാട് വ്യക്തമാക്കിയത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും, നിയമങ്ങള്‍ക്ക് മുകളിലായി ഒരു കമ്പനിയും നിലകൊള്ളാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ ഫെബ്രുവരി 10ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ