തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആശുപത്രിയില്‍ എത്തിയാണ് ചികിത്സയിലായിരുന്നു ശങ്കരദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.
സിപിഐ പ്രതിനിധിയായി ദേവസ്വം ബോർഡിലെത്തിയ ശങ്കരദാസ്, സ്വർണക്കൊള്ള കേസിലെ പതിനൊന്നാം പ്രതിയാണ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എസ്.പി ശശിധരൻ അടക്കമുള്ള എസ്‌ഐടി സംഘവും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയായിരുന്നു ശങ്കരദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയതെന്നാണ് വിവരം.
അതേ സമയം, ഐസിയുവില്‍ ചികിത്സയിലായിരുന്നു ശങ്കരദാസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് വിവരം.
സ്വർണക്കവർച്ചാ കേസില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അന്വേഷണ സംഘത്തെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും കോടതി വിമർശിച്ചിരുന്നു.
