കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവൻ സ്വർണത്തിന് 800 രൂപ വർധിച്ച് വില 1,05,320 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ സ്വർണവില ഒരു ലക്ഷത്തി അയ്യായിരം രൂപ കടക്കുന്നത്.
ഗ്രാമിന് 100 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,165 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് ആയിരത്തിലധികം രൂപയുടെ വർധനവാണ് വിപണിയിൽ ഉണ്ടായത്. ആഗോള വിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ വില ഉയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പണിക്കൂലിയും ജി.എസ്.ടിയും ചേരുമ്പോൾ വിപണിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഇതിലും വലിയ തുക നൽകേണ്ടി വരും.
