കോഴിക്കോട്: ഇറച്ചി വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മത്സ്യവിലയും കുതിച്ചുയരുന്നു. നിത്യവും മീൻ കൂട്ടി ചോറുണ്ണുന്ന ശരാശരി മലയാളിയുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന രീതിയിലാണ് വിപണിയിലെ പുതിയ മാറ്റങ്ങൾ. കടലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മത്തിയും അയലയും കരുവായി
സാധാരണക്കാർക്ക് സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിക്ക് പോലും ഇപ്പോൾ വിപണിയിൽ 150 മുതൽ 200 രൂപ വരെയാണ് ഹാർബറുകളിലെ വില. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഇത് പിന്നെയും വർദ്ധിക്കുന്നു. ഗുണമേന്മയുള്ള വലിയ മത്തിയുടെ വില 200-ൽ നിന്ന് 400 രൂപയിലേക്ക് വരെ ഉയർന്നു കഴിഞ്ഞു. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിൽ 300 മുതൽ 350 രൂപ വരെയാണ് നിലവിലെ വില. നെയ്മീൻ, ആവോലി തുടങ്ങിയ വലിയ മീനുകളുടെ വില കിലോയ്ക്ക് 1000 രൂപയോട് അടുക്കുകയാണ്.
പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ
മത്സ്യം ആഴക്കടലിലേക്ക് നീങ്ങിയതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും മതിയായ രീതിയിൽ മീൻ ലഭിക്കുന്നില്ല. വലിയ ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും താങ്ങാനാവാതെ വന്നതോടെ ബോട്ടുടമകൾ വള്ളങ്ങൾ കരയ്ക്ക് കയറ്റി വെച്ചിരിക്കുകയാണ്. ജില്ലയിലെ പ്രധാന ഹാർബറുകളായ ബേപ്പൂർ, പുതിയാപ്പ എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ പലരും ജോലിയൊഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമാണുള്ളത്.
ഒരു ചെറിയ വള്ളം കടലിൽ പോയി വരണമെങ്കിൽ പോലും ഇന്ധനത്തിനും മറ്റ് ചെലവുകൾക്കുമായി ഏകദേശം 35,000 രൂപയോളം വരുന്നുണ്ട്. കടലിൽ പോയിട്ടും ആവശ്യത്തിന് മീൻ ലഭിക്കാതെ വരുന്നത് വൻ കടക്കെണിയിലേക്കാണ് മത്സ്യമേഖലയെ തള്ളിവിടുന്നത്.
