ഓണ്‍ലൈന്‍ വഴിയുളള പണമിടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകാര്‍ ആളുകളെ വെട്ടിലാക്കുന്ന പല തട്ടിപ്പ് രീതികളുമായി നമുക്കിടയിലുണ്ട്.
നമ്മുടെ വിവരങ്ങള്‍ നാം അറിയാതെ ചോര്‍ത്തിയെടുക്കുകയും പണമിടപാടുകള്‍ നടത്തുകയും ഒടുവില്‍ ഭീഷണി മുഴക്കുകയും ഒക്കെ ചെയ്യുന്ന പല തട്ടിപ്പുകാരെയും കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്.
ഇത്തരക്കാരുടെ പുതിയ തട്ടിപ്പ് രീതി പിന്‍ നമ്പര്‍ ഉപയോഗിക്കാതെതന്നെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ്.
എന്താണ് ടാപ്പ് ആന്‍ഡ് പേ തട്ടിപ്പ്
മിക്ക ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ടാപ്പ് ആന്‍ഡ് പേ ഫീച്ചര്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. സൈബര്‍ തട്ടിപ്പുകാര്‍ ഈ ടാപ്പ് ആന്‍ഡ് പേ തട്ടിപ്പ് സംവിധാനം ഉപയോഗിച്ച് നിരവധി ആളുകളുടെ അക്കൗണ്ടിലെ പണം അപഹരിച്ചെടുക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് പണം ഉപയോഗിക്കാതെയോ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെയോ പേമെന്റുകള്‍ നടത്താന്‍ കഴിയുന്ന രീതിയാണ് ടാപ്പ് ആന്‍ഡ് പേ.
സൈബര്‍ തട്ടിപ്പുകാര്‍ പോയിന്റ് ഓഫ് സെയില്‍ (POS) മെഷീന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തിരക്കുള്ള ഇടങ്ങളിലൊക്കെ അവര്‍ ഈ മെഷീന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഇറങ്ങും.
ഇവര്‍ ആളുകളുടെ പോക്കറ്റിലോ ബാഗിലോ ഒക്കെ ഈ മെഷീന്‍ കൊണ്ട് തൊടുന്നു. ഈ മെഷീന്‍ ആളുകളുടെ പോക്കറ്റില്‍ ക്രെഡിറ്റ് -ഡബിറ്റ് കാര്‍ഡുണ്ടോ എന്ന് സ്‌കാന്‍ ചെയ്യുകയും ഉപകരണം നിങ്ങളുടെ കാര്‍ഡിലെ പണം തട്ടിയെടുക്കുകയും ചെയ്യും.
രണ്ടോ മൂന്നോ സെക്കന്റിനുള്ളില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പുകാരുടെ കൈയ്യില്‍ ഇരിക്കും.
തട്ടിപ്പിന് ഇരയാകുന്നവര്‍ ചതി നടന്നത് അറിയുക പോലും ഇല്ല. പിന്നീട് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചു നോക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടുവെന്ന് മനസിലാകുന്നത്.
ടാപ്പ് ആന്‍ഡ് പേ തട്ടിപ്പ് എങ്ങനെ ഒഴിവാക്കാം
നിങ്ങളുടെ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് ടാപ്പ് ആന്‍ഡ് പേ പേമെന്റുകള്‍ ഓഫാക്കാം.
മിക്ക ക്രെഡിറ്റ് ഡബിറ്റ് കാര്‍ഡിലും NFC (Near-field communication) പേമെന്റ് ഇന്‍ബില്‍റ്റ് ആയി ഉണ്ടാകും. ഇത് ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കുക.
ടാപ്പ് ആന്‍ഡ് പേയില്‍ നിന്ന് സ്വയം സംരക്ഷിക്കേണ്ടതിന് ഒരു RFID ബ്ലോക്കിംഗ് വാലറ്റ് ഉപയോഗിക്കുക.
തട്ടിപ്പ് നടന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും
തട്ടിപ്പുകള്‍ നടന്നു എന്ന് തോന്നുകയാണെങ്കില്‍ ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെടുകയും കാര്‍ഡും ബാങ്ക് ഇടപാടുകളും ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും വേണം.
Sanchar Saathi ആപ്പില്‍ പരാതി നല്‍കാവുന്നതാണ്. എത്രയും വേഗം പരാതി രജിസ്റ്റര്‍ ചെയ്യുന്നുവോ അത്രയും വേഗം പണം തിരികെ ലഭിക്കും.

