Zygo-Ad

ദിലീപ് കുറ്റക്കാരനെന്ന് 100% ഉറപ്പ്; നാളെ മുതൽ എല്ലാം തുറന്നുപറയും: അഡ്വ. ടി.ബി. മിനി

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വക്കേറ്റ് ടി.ബി. മിനി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ശക്തമായി പ്രതികരിച്ചു. നടൻ ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം ഉറപ്പാണെന്നും, ഇന്നത്തെ ദിവസം കഴിഞ്ഞാൽ തനിക്ക് നിയമപരമായി എല്ലാം തുറന്നുപറയാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.

"ദിലീപ് കുറ്റക്കാരനാണെന്ന് 100 ശതമാനം എനിക്ക് ഉറപ്പുണ്ട്. അതിന് തെളിവുകളുണ്ട്. അത് കോടതി അംഗീകരിച്ചോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. ഇന്നത്തെ ദിവസം വരെ എനിക്ക് പറയാൻ നിയമതടസങ്ങളുണ്ട്. ഇന്ന് അതിജീവിതയുടെ വക്കാലത്ത് അവസാനിക്കുകയാണ്. നാളെ മുതൽ ഞാൻ അഡ്വക്കേറ്റ് ടി.ബി. മിനിയാണ്. അതുകൊണ്ട് എനിക്കെല്ലാം തുറന്നുപറയാം," ടി.ബി. മിനി പറഞ്ഞു.

 സൈബർ ആക്രമണവും വെല്ലുവിളികളും

തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ചില യൂട്യൂബ് ചാനലുകൾ നിരന്തരമായി പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു.

 * "ഇത്രയും കൊല്ലം ഒറ്റയ്‌ക്ക് നിന്നാണ് ഞാൻ പൊരുതിയത്. എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാളെ ഞാൻ ഉണ്ടാവുമോ എന്ന് നിങ്ങൾ നോക്കിനിന്നോളൂ."

 * നഴ്‌സുമാരുടെ സമരത്തിന് വേണ്ടി രാപ്പകലില്ലാതെ താൻ പ്രവർത്തിച്ചതും അവർക്ക് ലഭിച്ച അവകാശങ്ങൾക്ക് പിന്നിൽ തന്റെ പങ്കുണ്ടെന്നുമുള്ള കാര്യങ്ങൾ അവർ ഓർമ്മിപ്പിച്ചു.

 മെമ്മറി കാർഡിന്റെ ഹാഷ് വാല്യു

മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കോടതി എന്ത് നിലപാടെടുക്കും എന്നാണ് തനിക്ക് അറിയേണ്ടതെന്നും ഹാഷ് വാല്യുവുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണം അറിയാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ പറ്റിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ട്രയൽ കോടതിയിൽ അതിജീവിതയുടെ വക്കീലിന് ഒന്നും പറയാൻ നിയമം അനുവദിക്കുന്നില്ലെന്നും അപ്പീൽ കൊടുക്കാനുള്ള അവകാശം പോലും ഇപ്പോൾ മാത്രമാണ് വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 സുരക്ഷാ ആശങ്ക:

"ഇനി അതിജീവിതയുടെ മാത്രമല്ല, എന്റെയും അതിജീവിതയുടെ ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സുരക്ഷ പ്രശ്‌നത്തിലാകും. ചുറ്റും എത്ര ക്രിമിനൽ സംഘങ്ങളാണെന്ന് അറിയുമോ?" എന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. സിനിമാ മേഖലയിലെ വമ്പന്മാരെല്ലാം ദിലീപിന്റെ പക്ഷം ചേരുമ്പോൾ ആരുണ്ടാകും ഈ കേസിന് പിന്നാലെ പോകാൻ എന്നും അവർ ചോദിച്ചു.


വളരെ പുതിയ വളരെ പഴയ