തിരുവനന്തപുരം: ഈ മാസം ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിക്കും.
നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 2000 രൂപയോടൊപ്പം നിലവില്‍ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്‍ത്താണ് 3600 രൂപ നല്‍കുന്നത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കുകയാണ്.
സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്‍ഷന്‍ തുകയെത്തുക. 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.
നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
