Zygo-Ad

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: 5 ഡോളികള്‍ തയ്യാറാക്കും


പത്തനംതിട്ട: ഈ മാസം 22ന് ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഒരുക്കങ്ങള്‍ തുടങ്ങി.

ഉച്ചയ്ക്ക് ശേഷം പമ്പയില്‍ ഇരുമുടിക്കെട്ടു നിറച്ച്‌ മല ചവിട്ടുമെന്നാണ് വിവരം. മല കയറ്റത്തില്‍ ക്ഷീണമുണ്ടായാല്‍ യാത്ര തുടരുന്നതിന് അഞ്ച് ഡോളികള്‍ തയ്യാറാക്കും.

 ഡോളി എടുക്കുന്നവരെ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുക്കും. എസ്.പി.ജി സംഘം ഈയാഴ്ച ശബരിമലയിലെത്തിയേക്കും. 

1973ല്‍ ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി വി. വി. ഗിരിയെ ചൂരല്‍ കസേരയിലിരുത്തി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തൊഴിലാളികള്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു. അതിനു ശേഷമാണ് ഡോളിയായത്.

രാഷ്ട്രപതി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറില്‍ നിലയ്ക്കലില്‍ ഇറങ്ങുമെന്നാണ് സൂചന. 

പത്തനംതിട്ട പൊലീസ് ചീഫ് ആർ. ആനന്ദിന്റെ നേതൃത്വത്തില്‍ ഇന്നലെ നിലയ്ക്കല്‍ ഹെലിപ്പാഡ് സന്ദർശിച്ചു. ഹെലിപ്പാഡിന് ചുറ്റുമുള്ള മരങ്ങള്‍ മുറിക്കാൻ ദേവസ്വം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

 പമ്പയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസ് അയ്യപ്പ സംഗമത്തിന് മുന്നാേടിയായി മുഖ്യമന്ത്രിക്ക് താമസിക്കാനായി പുതുക്കിപ്പണിതിരുന്നു. ഇവിടെയാകും രാഷ്ട്രപതി വിശ്രമിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമ്മു 22ന് ശബരിമലയില്‍ ദർശനത്തിനെത്തുമെന്ന് സർക്കാരിന് അറിയിപ്പ് ലഭിച്ചതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നെടുമ്പാശേരിയിലിറങ്ങുന്ന രാഷ്ട്രപതി അവിടെ നിന്ന് സന്നിധാനത്തെത്തും. 

അവിടെ വിശ്രമിച്ച ശേഷം വൈകിട്ട് നാലിന് ദർശനം നടത്തും. അതിനു ശേഷം തിരുവനന്തപുരത്തേക്ക് പോവും. 23ന് പാലാ സെന്റ് തോമസ് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് പോവും.

വളരെ പുതിയ വളരെ പഴയ