Zygo-Ad

അപൂർവങ്ങളില്‍ അപൂർവമായ കേസല്ല: നെന്മാറ സജിത കൊലക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, മൂന്നേകാല്‍ ലക്ഷം രൂപ പിഴ


പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. കൂടാതെ മൂന്നേകാല്‍ ലക്ഷം രൂപ പിഴയടക്കണം.

പാലക്കാട് സെഷൻസ് കോടതിയുടേതാണ് വിധി. എല്ലാ ശിക്ഷയും ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. അപൂർവങ്ങളില്‍ അപൂർവമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമര പിഴ അടക്കുമെന്ന് പ്രതീക്ഷയില്ല. ജാമ്യം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

വിധി കേട്ടിട്ടും പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. വിധിയില്‍ സന്തോഷമുണ്ടെന്ന് നെന്മാറ എംഎല്‍എ കെ ബാബു പ്രതികരിച്ചു. പ്രത്യേക തരം മാനസികാവസ്ഥയാണ് ചെന്താമരയുടേതെന്നും ഈ വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിക്ക് പരോള്‍ പോലും നല്‍കരുതെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ചെന്താമര രണ്ടു പേരെക്കൂടി കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

എന്നാല്‍ ഇരട്ടക്കൊല ഈ കേസുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് അപൂർവങ്ങളില്‍ അപൂ‌ർവ കേസല്ലെന്നും വാദിച്ചിരുന്നു.

2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. 

വീടിന്റെ പുറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടർന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചു കഴിയുകയായിരുന്ന ചെന്താമരയെ രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.

കേസില്‍ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 

സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിർണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ വസ്ത്രത്തിന്റെ പോക്കറ്റ് കീറി നിലത്തു വീണിരുന്നു. ഇത് ചെന്താമരയുടേതാണെന്ന ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.

2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 2025 ഓഗസ്റ്റ് നാലിന് സാക്ഷി വിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. 

റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ