തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിക്കറ്റിലെ തെറ്റുകൾ ഒഴിവാക്കാൻ നേരത്തെത്തന്നെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പരീക്ഷാ ഭവൻ. ഈ അധ്യയന വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുതത്തണമെന്ന് പരീക്ഷ കമ്മിഷണർ നിർദേശം നൽകി.
വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും തെറ്റുകൂടാതെ സമർപ്പിക്കാനാണ് നിർദേശം. അഡ്‌മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എസ്.എസ്.എൽ.സി കാർഡ് തയ്യാറാക്കുന്നത്. വിദ്യാർത്ഥിയെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും അഡ്മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി കൃത്യമാണെന്ന് അതത് ക്ലാസ്സ് അധ്യാപകരും സ്‌കൂൾ പ്രഥമാധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്.
പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ അഡ്‌മിഷൻ നമ്പർ 6 അക്കത്തിൽ കൂടുതലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾ രണ്ട് കാരക്ടറിൽ കൂടുതലും ആകാൻ പാടില്ല. വിദ്യാർത്ഥികളുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ യുണികോഡ് ഫോണ്ട് തെരഞ്ഞെടുക്കേണ്ടതാണ്. പത്താം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടേയും ഫോട്ടോ (Black & White) (Width: 150 Px, Height: 200 Px, Size: 20-30 kb, Format : jpg) സൈസ് പ്രകാരമായിരിക്കണം. ഫോട്ടോയിൽ പേരോ മറ്റ് രേഖപ്പെടുത്തലുകളോ പാടില്ല. ‘സമ്പൂർണ്ണ’ യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയിൽ അഡ്മിഷൻ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ 31/10/2025 ന് മുമ്പ് തിരുത്തേണ്ടതാണ്.