തിരുവനന്തപുരം: ബിജെപിയുടെ ക്ലിഫ്ഹൗസ് മാർച്ചിനിടെ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഗോവിന്ദ് എനി മിൽമയുടെ പരസ്യത്തിലും. "ഡാ മോനേ ഒന്ന് കൂളായിക്കേ നീ" എന്ന ഹെഡ്ഡിങ്ങോട് കൂടിയാണ് മിൽമ പരസ്യം അവതരിപ്പിച്ചത്.
"പൊലീസ് മാമന്മാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചു മിടുക്കന് മിൽമയുടെ സ്നേഹം" എന്നും പരസ്യ വാചകത്തിൽ കുറിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോവിന്ദ് ക്ലിഫ്ഹൗസ് മാർച്ചിന്റെ ഭാഗമായി തയ്യാറാക്കിയ ബാരിക്കേഡിന് മുന്നിൽപ്പെട്ടത്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി മാർച്ച് നടത്തിയത്. എനിക്ക് ചോറ് വേണം, അല്ലെങ്കിൽ അപ്പുറത്ത് ആക്കി താ എന്നാണ് ഗോവിന്ദ് പൊലീസുകാരോട് പറഞ്ഞത്. കുഞ്ഞുബാഗും തൂക്കി പൊലീസുകാരുടെ ഇടയിലൂടെ നടക്കുന്ന ഗോവിന്ദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പൊലീസിനെ ചുറ്റിപ്പറ്റി കുറേ നടന്നെങ്കിലും, മാർച്ച് തീരാതെ ബാരിക്കേഡ് എടുത്ത് മാറ്റാൻ പറ്റാത്ത അവസ്ഥയായിരുന്നു. പൊലീസുകാർ ഗോവിന്ദിനെ പറഞ്ഞ് സമാധാനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. സമരം കഴിഞ്ഞ് ബാരിക്കേഡ് എടുത്ത് മാറ്റിയതിൽ പിന്നാലെയാണ് ഗോവിന്ദ് വീട്ടിലേക്ക് പോയത്.