Zygo-Ad

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി.

ഇതു സംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ്‌ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർത്ഥിനികള്‍ക്കും ആർത്തവ സമയത്ത് അവധിയെടുക്കാം.

 ഓരോ സെമസ്റ്ററിലും ആവശ്യമായ ഹാജർ നിലയില്‍ രണ്ടു ശതമാനത്തിന്റെ ഇളവാണ് നല്‍കുക.

നിലവില്‍ കുസാറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സർവകലാശാലകളിലും ഐടിഐകളിലും വിദ്യാർത്ഥിനികള്‍ക്ക് ആർത്തവ അവധി നല്‍കിയിട്ടുണ്ട്. 

കുസാറ്റില്‍‌ ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് ആർത്തവത്തിനായി നല്‍കുന്നത്. ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടു തവണയുമാണ് അവധി അനുവദിച്ചിട്ടുള്ളത്.

2023ല്‍ എല്ലാ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർത്തവാവധി പ്രഖ്യാപിച്ചിരുന്നു. ആർത്തവ ദിനങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അധ്യയനം നഷ്ടപ്പെടുന്ന കോളേജ് വിദ്യാർത്ഥിനികള്‍ക്ക്‌ ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയില്‍ രണ്ടു ശതമാനത്തിന്റെ ഇളവു നല്‍കും. 

പരീക്ഷയെഴുതാൻ നിലവില്‍ 75 ശതമാനം ഹാജരാണ് ഓരോ സെമസ്റ്ററിലും വേണ്ടത്. പുതിയ ഭേദഗതി അനുസരിച്ച്‌ വിദ്യാർഥിനികള്‍ക്ക് ആർത്തവാവധിയുള്‍പ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചു.

വളരെ പുതിയ വളരെ പഴയ