തിരുവനന്തപുരം: സംസ്ഥാനത്ത് നിയമ വിധേയമല്ലാത്ത അവയവ ദാനം തടയുന്നതിന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ രാജ്യാന്തര തലത്തില്‍ പ്രവർത്തിക്കുന്ന അവയവ മാഫിയാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
തുടർന്ന് നെടുമ്പാശ്ശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതി ഒഴികെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും മന്ത്രി അറിയിച്ചു.
ഒന്നാം പ്രതിക്കായി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം എൻ.ഐ.എക്ക് കൈമാറിയിട്ടുണ്ട്.
അവയവ ദാന റാക്കറ്റുമായി ബന്ധപ്പെട്ട് സംസ്ഥാത്ത് വിവിധ സ്റ്റേഷനുകളിലായി പത്തു കേസുകള്‍ രജിസ്റ്റർ ചെയ്ത് തുടർ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.
അതേ സമയം, ആരോഗ്യ മേഖലയ്ക്ക് കപ്പിത്താൻ ഇല്ലാതായെന്ന് പ്രതിപക്ഷം രംഗത്തെത്തി. ആരോഗ്യ മേഖലയിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിക്കെതിരെ ആഞ്ഞടിച്ചു.
മെഡിക്കല്‍ കോളജുകളില്‍ ഉപകരണക്ഷാമം നിലനില്‍ക്കുന്നു എന്നും കേരളത്തിലെ ആരോഗ്യ വകുപ്പിന് കപ്പിത്താൻ ഇല്ലെന്നും എ.പി അനില്‍കുമാർ പറഞ്ഞു.
മെഡിക്കല്‍ കോളജുകളില്‍ എക്സ്റേ ഫിലിം പോലും ഇല്ല. സാധാരണ രോഗികള്‍ക്ക് ലഭിക്കേണ്ട ഇത്തരം സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ എന്ത് മറുപടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കാനുള്ളതെന്നും അനില്‍കുമാർ ചോദിച്ചു.
സ്വകാര്യ മേഖലയ്ക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണോ സർക്കാർ ഒരുക്കുന്നതെന്ന് വി.ഡി സതീശൻ ചോദിച്ചു. മേധാവിമാർ വരെ പരാതി പറയുന്ന ഗുരുതരമായ വിഷയം ആരോഗ്യ വകുപ്പിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എന്നാല്‍, നിയമസഭാ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമർശനങ്ങള്‍ക്ക് മന്ത്രി വീണ ജോർജ് മറുപടി നല്‍കി.
മെഡിക്കല്‍ കോളജുകള്‍ക്കായി 2011--16ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 15.64 കോടിയാണ് ചെലവിട്ടത്.
എന്നാല്‍, 2016--21ലെ എല്‍.ഡി.എഫ് സർക്കാർ 41.84 കോടി രൂപ ചെലവിട്ടു. ഈ സർക്കാർ നാല് വർഷം കൊണ്ട് 80.66 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതായും മന്ത്രി പറഞ്ഞു.