Zygo-Ad

കാപ്ച പ്രശ്നം: ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകര്‍ക്ക് തലവേദനയായി പരിവാഹൻ പരീക്ഷയിലെ പുതിയ അപ്‌ഡേറ്റ്

 


കോഴിക്കോട്: ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് പരീക്ഷയിലെ ക്രമക്കേടുകള്‍ തടയാൻ പരിവാഹൻ വെബ്സൈറ്റില്‍ നടപ്പിലാക്കിയ പുതിയ കാപ്ച അപ്ഡേറ്റ് അപേക്ഷകർക്ക് വലിയ പ്രതിസന്ധിയായി മാറുന്നു.

പരീക്ഷയ്ക്കിടെ ഓരോ കുറച്ച്‌ ചോദ്യങ്ങള്‍ക്ക് ശേഷവും കാപ്ച വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്നത് സമയക്കുറവ് കാരണം പലരെയും പരീക്ഷയില്‍ നിന്ന് പിന്മാറ്റുന്നു. രാജ്യത്തുടനീളം നടപ്പിലാക്കിയ ഈ മാറ്റം, പ്രത്യേകിച്ച്‌ കമ്പ്യൂട്ടർ പരിചയമില്ലാത്തവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

നാഷണല്‍ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി) ആണ് പരീക്ഷയ്ക്കിടയില്‍ കാപ്ച സംവിധാനം ഏർപ്പെടുത്തിയത്. വടക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഏജന്റുമാർ നിയമവിരുദ്ധമായി ലേണേഴ്സ് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്ന സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഈ സുരക്ഷാ നടപടി സ്വീകരിച്ചത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നോഡല്‍ ഓഫിസറെ അറിയിച്ച്‌ ഏറെ ദിവസങ്ങള്‍ക്ക് മുമ്പേ ഈ സംവിധാനം ലോഞ്ച് ചെയ്തിരുന്നു. നിലവില്‍ പരീക്ഷയില്‍ 20 ചോദ്യങ്ങളാണ് ഉള്ളത്, ഓരോന്നിനും 30 സെക്കന്റ് സമയം മാത്രമേ അനുവദിക്കുന്നുള്ളൂ. അധികമായി 15 സെക്കന്റ് മാത്രമാണ് കാപ്ച ടൈപ്പ് ചെയ്യാൻ അനുവദിക്കുന്നത്. എന്നാല്‍, പല കാപ്ചകളും വ്യക്തമല്ലാത്തതിനാല്‍ പ്രശ്നം കൂടുതല്‍ വഷളാകുന്ന അവസ്ഥയാണ്.

അതേസമയം ഇതിനെതിരെ കൂടുതല്‍ അപേക്ഷകർ പരാതികളുമായി രംഗത്തെത്തി. കോഴിക്കോട്, കണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലെ ആർടിഒ ഓഫീസുകളില്‍ പരീക്ഷയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും കമ്ബ്യൂട്ടർ പരിചയമില്ലാത്തവരാണ്. "ചോദ്യങ്ങള്‍ക്കിടയില്‍ കാപ്ച വരുന്നത് പരീക്ഷാ സമയത്തെ ബാധിക്കുന്നുണ്ട്. പരീക്ഷയുടെ തുടക്കത്തിലും അല്ലെങ്കില്‍ അവസാനത്തില്‍ മാത്രം വെക്കുന്നതായിരിക്കും നല്ലത് എന്ന് അപേക്ഷകർ പറയുന്നു. പലരും പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ മടങ്ങിപ്പോകുന്ന അവസ്ഥയാണ്. ഈ അപ്ഡേറ്റ് മൂലം ദിവസേന പരീക്ഷയ്ക്ക് എത്തുന്നവരുടെ എണ്ണം 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് ആർടിഒ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ 1 മുതല്‍ ലേണേഴ്സ് പരീക്ഷയില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ചോദ്യങ്ങളുടെ എണ്ണം 20-ല്‍ നിന്ന് 30 ആയി ഉയരും. വിജയിക്കാൻ 18 ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം നല്‍കണം. ഓരോ ചോദ്യത്തിനും സമയം 30 സെക്കന്റായി ഉയർത്തിയെങ്കിലും, കാപ്ച സംവിധാനവുമായി ചേരുമ്ബോള്‍ പ്രതിസന്ധി കൂടുതലാകുമെന്നാണ് അപേക്ഷകരുടെ ആശങ്ക. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലറനുസരിച്ച്‌, പരീക്ഷാ സിലബസ് എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. മോക്ക് ടെസ്റ്റുകളിലൂടെ റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഡ്രൈവിങ് ടെസ്റ്റിന് മുമ്ബുള്ള ക്ലാസ് ഒഴിവാക്കാം.

കാപ്ച സംവിധാനം തട്ടിപ്പ് തടയാനും സുരക്ഷ വർദ്ധിപ്പിക്കാനുമുള്ള നടപടിയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. "ഇത് ഭാഗികമായി വിജയകരമാണ്, പക്ഷേ അപേക്ഷകരുടെ സൗകര്യം പരിഗണിക്കണം എന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നിരുന്നാലും, പരാതികള്‍ കണക്കിലെടുത്ത് സംവിധാനത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുമെന്ന് വകുപ്പ് വാഗ്ദാനം ചെയുന്നുണ്ട്. മോക്ക് ടെസ്റ്റുകളിലൂടെ പരിശീലിക്കാനും കാപ്ച പ്രശ്നങ്ങള്‍ക്ക് ആർടിഒ ഓഫീസുകളില്‍ പരാതിപ്പെടാനുമാണ് അപേക്ഷകരുടെ തീരുമാനം. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പരിവാഹൻ പോർട്ടലായ sarathi.parivahan.gov.in സന്ദർശിക്കാം.

വളരെ പുതിയ വളരെ പഴയ