മലപ്പുറം: ഓൺലൈൻ ഗെയിം ചൂതാട്ടത്തിന്റെ പിടിയിലായ യുവാവ് ആത്മഹത്യ ചെയ്തു.
പാത്തുകൽ മുതുകുളം സ്വദേശി ഈട്ടിക്കൽ ടോണി കെ. തോമസ് (27) ആണ് മരിച്ചത്. അച്ഛൻ കുഞ്ഞുമോൻ തോമസിന്റെ മരണത്തിന് പിന്നാലെയാണ് ടോണി ഓൺലൈൻ ഗെയിം ചൂതാട്ടത്തിലേക്ക് വഴുതി വീണത്.
ചിലപ്പോൾ ചെറിയ തുക വിജയിച്ചിരുന്നെങ്കിലും പിന്നീട് കടബാധ്യതകൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലായി.
പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ ഏകദേശം ഒന്നരവർഷം മുമ്പ് പ്യൂണായി നിയമിതനായിരുന്ന ടോണി, ശമ്പളം ലഭിച്ചാൽ കടം തിരിച്ചടക്കുകയും പിന്നെയും കടം വാങ്ങി ഗെയിമിൽ പണം ചെലവഴിക്കുകയും ചെയ്‌തതായി ബന്ധുക്കൾ പറയുന്നു.
അധ്യാപകരിലും സഹപ്രവർത്തകരിലും ബന്ധുക്കളിലും നിന്ന് പണം കടം വാങ്ങിയിരുന്നതായും വിവരം.
സ്കൂൾ തുറക്കേണ്ട പതിവുസമയം കഴിഞ്ഞിട്ടും തിങ്കളാഴ്ച പ്രധാന കവാടം അടഞ്ഞുകിടന്നതിനെ തുടർന്ന് സഹപ്രവർത്തകർ ടോണിയെ വിളിച്ചെങ്കിലും ഫോൺ ലഭ്യമാകാതെ പോയി. പിന്നീട് ടൗണിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ അദ്ദേഹം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആറ് മാസം മുൻപ് വീട്ടുകാർ ഇടപെട്ട് കൗൺസിലിംഗിന് വിധേയനാക്കിയിരുന്നെങ്കിലും ടോണി വീണ്ടും ഗെയിമിലേക്കു മടങ്ങിയിരുന്നു.
മരണത്തിന് മുൻപത്തെ രാത്രിയിൽ ഫ്ലാറ്റുടമയിൽ നിന്ന് 2000 രൂപ കടം വാങ്ങിയിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി.