യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിര്‍ണായക ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍.
ഈ മാസം 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടത്താനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ച തീയതിക്ക് വെറും നാല് നാള്‍ മാത്രം അവശേഷിക്കെ, യമനിലെ മധ്യസ്ഥരുമായി ഇന്നും നാളെയും ചര്‍ച്ചകള്‍ നടക്കുമെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുകയുള്ളു. ഇതിനായി യമനില്‍ സ്വാധീനമുള്ള കേരളത്തിലെ ചില വ്യക്തികള്‍ മഹ്ദിയുടെ കുടുംബം താമസിക്കുന്ന ഗ്രാമത്തിലെ തലവനുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തലവന് കുടുംബത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.
അതേ സമയം, നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. നിമിഷയുടെ കേസിന്റെ സ്വഭാവവും അടിയന്തിരാവസ്ഥയും കണക്കിലെടുത്ത്, ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഈ കേസ് ജൂലൈ 14-ന് കോടതി വീണ്ടും പരിഗണിക്കും. നിമിഷയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാന്‍ യമന്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്.
നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്.
ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ഭർത്താവ് ടോമി തോമസ് പറഞ്ഞത്.
ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേര്‍ത്തു.