ന്യൂഡല്‍ഹി: ഹൈപ്പർസോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ അസാധാരണ പദ്ധതികളുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. വ്യത്യസ്തങ്ങളായ 12 തരം ഹൈപ്പർസോണിക് ആയുധങ്ങളാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിക്കുന്നത്.
പ്രോജക്‌ട് വിഷ്ണു എന്ന പേരില്‍ ഒരു മിസൈല്‍ ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മറ്റുള്ള ആയുധങ്ങളുടെ വികസനത്തിനേപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവരുന്നത്.
ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിള്‍, ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍, ഹൈപ്പർസോണിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഡിആർഡിഒയുടെ അണിയറയില്‍ ഒരുങ്ങുന്നത്.
മേഖലയില്‍ അതിവേഗ ആക്രമണത്തിലും ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കുന്ന കാര്യത്തിലും സ്വയംപര്യാപ്തരാകാനുള്ള ശ്രമമാണ് ആയുധ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
2024 നവംബറില്‍ ഡിആർഡിഒ തങ്ങളുടെ ആദ്യത്തെ ഹൈപ്പർ സോണിക് മിസൈല്‍ പരീക്ഷണം നടത്തി. സ്ക്രാംജെറ്റ് എഞ്ചിൻ മേഖലയില്‍ ഡിആർഡിഒ സ്വായത്തമാക്കിയ പുരോഗതിയുടെ വെളിപ്പെടുത്തലായിരുന്നു ആ പരീക്ഷണം.
സ്ക്രാംജെറ്റ് സാങ്കേതിക വിദ്യ സ്വന്തമായുള്ള യു.എസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അങ്ങനെ ഇന്ത്യയും നിലയുറപ്പിച്ചു. ഇതോടെ ദീർഘദൂര ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ സ്വന്തമായുള്ള ചുരുക്കം ചില ലോക ശക്തികളിലൊന്നായി ഇന്ത്യ മാറി.
ശബ്ദത്തേക്കാള്‍ അഞ്ചുമടങ്ങിലധികം (മാക് 5) വേഗത്തില്‍ സഞ്ചരിക്കുന്നവയേയാണ് ഹൈപ്പർ സോണിക് എന്ന് വിളിക്കുന്നത്. അതിവേഗത്തില്‍ എത്തുന്ന, ഇത്തരം ക്രൂയിസ് മിസൈലുകളെ തടയാൻ ഇന്ന് നിലവിലുള്ള ഒരു പ്രതിരോധ സംവിധാനങ്ങള്‍ക്കും സാധിക്കില്ല.
ഇങ്ങനെ അപ്രതിരോധ്യമായ 12 ഹൈപ്പർസോണിക് ആയുധങ്ങളാണ് കര, നാവിക, വ്യോമ സേനകള്‍ക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിക്കുന്നത്.
പ്രോജക്‌ട് വിഷ്ണു എന്ന പേരില്‍ വികസിപ്പിക്കുന്ന എക്സ്റ്റൻഡഡ് ട്രാജക്ടറി ലോങ്റേഞ്ച് ഹൈപ്പർ സോണിക് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം) ആണ് ആദ്യത്തേത്.
ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗത്തിലാണ് ഇത് സഞ്ചരിക്കുക. സ്ക്രാംജെറ്റ് എൻജിനാണ് ഇതിന്റെ ഹൃദയം. കരയിലെയും കടലിലെയും ലക്ഷ്യങ്ങളെ കൃത്യമായി വേഗത്തില്‍ തകർക്കാൻ സാധിക്കുന്ന മിസൈലായാണ് ഇതിനെ വികസിപ്പിക്കുന്നത്.
നിലവിലെ വിവരങ്ങള്‍ പ്രകാരം പരമാവധി 2500 കിലോ മീറ്റർ ദൂരം വരെ ഈ മിസൈലിന് ആക്രമിക്കാനാകും. 2030-ല്‍ സൈന്യത്തിന് വേണ്ടിയുള്ള ഉത്പാദനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
2024 ല്‍ ഡിആർഡിഒ ഹൈപ്പർസോണിക് മിസൈല്‍ പരീക്ഷിക്കുന്നു. ഡിആർഡിഒ പുറത്തു വിട്ട ചിത്രം
ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിള്‍ ( എച്ച്‌ജിവി) ആണ് അടുത്തത്. 2024 നവംബറില്‍ ഡിആർഡിഒ നടത്തിയ പരീക്ഷണം ഈ മിസൈലിന്റേതായിരുന്നു. ഒരു ബാലിസ്റ്റിക് മിസൈലിന്റെയോ റോക്കറ്റിന്റെയോ സഹായത്തോടെയാണ് ഇതിനെ വിക്ഷേപിക്കുക.
നിശ്ചിത വേഗത്തിലെത്തിക്കഴിഞ്ഞാല്‍ ഇതിലെ സ്ക്രാംജെറ്റ് എൻജിന്റെ സഹായത്തോടെ ഹൈപ്പർസോണിക് വേഗതയില്‍ ഗ്ലൈഡ് ചെയ്താണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. കൃത്യമായി ലക്ഷ്യം നിർണയിക്കാനുള്ള ഗതി നിർണയ സംവിധാനങ്ങളടക്കമുള്ള ഗ്ലൈഡ് വെഹിക്കിളാണ് ഡിആർഡിഒ വികസിപ്പിച്ചത്.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ കുത്തനെ ഉയർന്ന് താഴ്ന്ന് സഞ്ചരിക്കുന്ന ഇവയുടെ സഞ്ചാരപാത നിർണയിക്കാൻ റഡാറുകള്‍ക്ക് സാധിക്കില്ല. ദീർഘ ദൂര കപ്പല്‍വേധ മിസൈലായാണ് ഇതിനെ വികസിപ്പിക്കുന്നത്. 1500 കിലോ മീറ്ററാണ് ആക്രമണ പരിധി. 2030-ഓടെ ഇത് സൈന്യത്തിന്റെ ഭാഗമാകും.
ഹൈപ്പർ സോണിക് മിസൈല്‍ പ്രതിരോധ സംവിധാനവും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഇതിനായി പ്രോജക്‌ട് കുശയിലൂടെ ഇന്ത്യ മുന്നോട്ടുപോവുകയാണ്.
ഹൈപ്പർ സോണിക് മിസൈല്‍ സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെ സ്വായത്തമാക്കിയ അറിവുകള്‍ ഉപയോഗിച്ചാണ് ഇത്തരം മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും വികസിപ്പിക്കുന്നത്.
അടുത്തതായി പ്രതീക്ഷിക്കുന്നത് ബ്രഹ്മോസ് -II ആണ്. ഇന്ത്യാ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ ഹൈപ്പർസോണിക് പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ശബ്ദത്തിനേക്കാള്‍ ഏഴുമുതല്‍ എട്ട് മടങ്ങുവരെ വേഗതയില്‍ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലാകും ഇത്. 1500 കിലോമീറ്റർ ആക്രമണ പരിധിയുള്ള ബ്രഹ്മോസ്-II ഒരു ലാൻഡ് ആറ്റാക്ക് മിസൈലായിരിക്കും.
ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നാവിക പതിപ്പും, യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്നയുടെയും പതിപ്പുകള്‍ ഡിസൈനിങ് ഘട്ടത്തിലാണ്. അന്തർവാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്നയും പരിഗണനയിലാണ്.
ഇതിന് പുറമെ ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായി ഹൈപ്പർസോണിക് ഡ്രോണുകളും ഡീകോയികളും വികസിപ്പിക്കുന്നുണ്ട്.
എതിരാളിയുടെ പ്രതിരോധ സംവിധാനത്തെ സമ്മർദ്ദത്തിലാക്കി ഉണ്ടാക്കുന്ന വിടവിലൂടെ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഇവ വികസിപ്പിക്കുന്നത്.
മിസൈല്‍ വികസനങ്ങള്‍ 2030-ഓടെ പൂർത്തിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെ വടക്കും പടിഞ്ഞാറുമുള്ള രണ്ട് അതിർത്തിയിലും ഹൈപ്പർസോണിക് ഭീഷണി ഇന്ത്യയ്ക്കുണ്ട്.
ചൈനയുടെ ഡിഎഫ്-17 മിസൈല്‍ ഒരു ഹൈപ്പർസോണിക് ക്രൂയിസ് മിസൈലാണ്. പാകിസ്താന്റെ പക്കല്‍ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഫത്താ-II ഉം ഉണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താൻ ഫത്താ മിസൈല്‍ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചിരുന്നുവെങ്കിലും അത് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞിരുന്നു.
എങ്കിലും ഇത്തരം മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ ഉള്ള ദൗർബല്യം അന്ന് വ്യക്തമായിരുന്നു. ഇത് പരിഹരിക്കാനാണ് ഹൈപ്പർസോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ വൈവിധ്യമാർന്ന ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ വേഗം കൂട്ടുന്നത്.