Zygo-Ad

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തിൽ

                                                


റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. എസി കോച്ചിന് കിലോ മീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കി.മീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോ മീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. 

സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കു വര്‍ധനവ് ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

ജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. 

ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. 

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അര മണിക്കൂര്‍ വിലക്കുണ്ട്. 

എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.

വളരെ പുതിയ വളരെ പഴയ