Zygo-Ad

അരിഷ്ടവും ഹോമിയോ ഗുളികയും ഇനി നടക്കില്ല, ഫ്രീ ആയി പാരസെറ്റമോള്‍ കിട്ടും'; ഡ്രൈവര്‍മാര്‍ക്ക് താക്കീതുമായി മന്ത്രി കെ ബി ഗണേഷ്

 


തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ( k b ganesh kumar). ബ്രെത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുതെന്ന് കെ ബി ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പി എച്ച് എസ് സിയില്‍ ഫ്രീ ആയി പാരസെറ്റമോള്‍ കിട്ടും. ഡ്യൂട്ടിക്ക് വരുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ അത് കഴിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനാല്‍ കെഎസ്ആര്‍ടിസി അപകടങ്ങള്‍ കാരണം നേരത്തെയുണ്ടായിരുന്ന അപകടങ്ങളേക്കാള്‍ 35 ശതമാനം അപകടങ്ങള്‍ കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി കൊറിയര്‍ വീട്ടില്‍ കൊണ്ട് നല്‍കുന്ന സംവിധാനം കൊണ്ടുവരും. നിലവില്‍ ഇത് സ്റ്റേഷനുകളിലാണ് എത്തിക്കുന്നത്. ഉടന്‍ തന്നെ ഇത് കൊറിയര്‍ എത്തിക്കേണ്ടവരുടെ വീട്ടിലേക്കെത്തിക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി ബസുകളില്‍ യാത്ര ചെയ്യുന്ന കണ്‍സഷനുകാര്‍ക്കുള്ള സ്മാര്‍ട് കാര്‍ഡ് വിതരണവും ഉടനെയുണ്ടാകും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് തന്റെ സ്മാര്‍ട്ട് കാര്‍ഡ് പത്താം ക്ലാസ് വരെ ഉപയോഗിക്കാവുന്ന തരത്തിലാക്കും. മാസത്തില്‍ 25 ദിവസം കുട്ടിക്ക് സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിക്കാം. ഇത് കൂടാതെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാവും കാര്‍ഡ് നല്‍കുക. അംഗപരിമിതര്‍ക്കും കാര്‍ഡ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ 'ചലോ ആപ്പ്' വരാനൊരുങ്ങുകയാണ്. നിലവില്‍ ഇതിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം അടക്കം എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കും. ആപ്പ് വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. കൃത്യസമയത്ത് തന്നെ ബസ് യാത്ര ആരംഭിക്കണമെന്നും വൈകിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വളരെ പുതിയ വളരെ പഴയ