തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മുൻ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ. ഇർഷാദിന്‍റെ വീടിന് നേരെ അക്രമം നടത്തിയ കേസില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പാലകുളങ്ങരയിലെ കെ.കെ. അക്ഷയ് (29), കൂവോട്ടെ പി. രാജേഷ് (38), കാക്കാഞ്ചാലിലെ ഒ. അതുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 15ന് രാത്രിയാണ് തൃച്ചംബരം പള്ളിക്ക് എതിർവശത്തുള്ള ഇർഷാദിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്. സമീപത്തെ സിസിടിവി യില്‍ നിന്ന് പ്രതികളെന്ന് കരുതുന്നവരുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഏഴ് പേർക്കെതിരേയാണ് കേസ് എടുത്തിരുന്നത്.
പ്രതികള്‍ക്ക് സ്റ്റേഷൻ ജാമ്യം: യൂത്ത് കോണ്‍.പ്രതിഷേധിച്ചു
യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. ഇര്‍ഷാദിന്‍റെ വീട് ആക്രമിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്.
ജാമ്യം അനുവദിച്ചത് പ്രതിഷേധാര്‍ഹമാണെന്നും തളിപ്പറമ്പിലെ പോലീസിന് ഇതിനേക്കാള്‍ നല്ലത് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നതാണെന്നും രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ പറഞ്ഞു.