ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻസിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷൻ്റെ (അയാട്ട) എയർലൈൻ കോഡ് ലഭിച്ചതായി അധികൃതർ പറഞ്ഞു. 'കെ.ഡി’എന്നാണ് അയാട്ട അനുവദിച്ച കോഡ്. എയർ കേരളയുടെ സി.ഇ.ഒ ഹരീഷ് കുട്ടിയാണ് ഇത് സംബന്ധിച്ച് വിവരം അറിയിച്ചത്.
കേരള ഡ്രീം എന്നതിൻ്റെ ചുരുക്കപ്പേരായി കെ.ഡിയെ പരിഗണിക്കാമെന്ന് എയർകേരളയുടെ സ്ഥാപകനും ചെയർമാനുമായ അഫി അഹമ്മദ് പറഞ്ഞു. പ്രവാസി മലയാളികളുടെ സ്വപ്നം എന്ന നിലയിലാണ് 'കേരള ഡ്രീമാ'യി കണക്കാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എയർ കേരള എന്ന വിമാന കമ്പനി യാഥാർഥ്യമാകുന്നതിലേക്ക് അടുക്കുന്നു എന്ന സന്തോഷമുണ്ട്. കേരള ടു ദുബൈ, കേരള ടു ദോഹ എന്നിങ്ങനെ പല അർഥവും 'കെ.ഡി'ക്ക് കാണാവുന്നതാണന്നും അഫി അഹമ്മദ് പറഞ്ഞു. എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. അടുത്ത മാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.