Zygo-Ad

മകളുടെ ചികിത്സക്ക് പിരിച്ച പണം നല്‍കുന്നില്ലെന്ന് വീട്ടമ്മയുടെ പരാതി


കണ്ണൂർ: മകളുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി നാട്ടുകാരില്‍ നിന്ന് പിരിച്ച തുക മുഴുവൻ നല്‍കിയില്ലെന്ന പരാതിയുമായി വീട്ടമ്മ.

പയ്യാവൂർ വലിയപറമ്പില്‍ ടി.ആർ. വിജയമ്മയാണ് ചികിത്സ സഹായ കമ്മിറ്റിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഒമ്പതുകാരിയായ മകളുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ജനപ്രതിനിധികള്‍ രക്ഷാധികാരികളും ഭാരവാഹികളുമായ കമ്മിറ്റി രൂപവത്കരിച്ച്‌ 50 ലക്ഷത്തോളം സമാഹരിച്ചു. 

ഇതില്‍ ശസ്ത്രക്രിയക്ക് ആവശ്യമായ 25 ലക്ഷം രൂപ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് കമ്മിറ്റി കൈമാറി. ആശുപത്രിക്ക് സമീപം മൂന്നു മാസത്തോളം വാടകക്ക് താമസിക്കേണ്ടി വന്നതിനാല്‍ 1.30 ലക്ഷം വേറെയും നല്‍കി.

തുടർ ചികിത്സയിനത്തില്‍ ഇപ്പോള്‍ വൻ ചെലവുണ്ടായിട്ടും തുകയുടെ ബാക്കി കമ്മിറ്റി കുടുംബത്തിന് നല്‍കുന്നില്ലെന്ന് വിജയമ്മ വാർത്ത സമ്മേളനത്തില്‍ ആരോപിച്ചു.

മാതാവിന്റെ കരളാണ് മകള്‍ക്ക് കൈമാറിയത്. അതിനാല്‍ രണ്ടു പേർക്കും അണുബാധയേല്‍ക്കാത്ത വിധമുള്ള സൗകര്യങ്ങളാണ് ഡോക്ടർമാർ നിർദേശിച്ചത്. പണം ചോദിച്ച്‌ വരുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് കമ്മിറ്റി ഭാരവാഹികള്‍. 

തന്റെ അക്കൗണ്ടില്‍ ലഭിച്ച തുക, താനുമായി അകന്നു നില്‍ക്കുന്ന ഭർത്താവിന്റെയും കമ്മിറ്റി ഭാരവാഹിയുടെയും പേരിലുള്ള പുതിയ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇവർ പറഞ്ഞു.

ഇതു സംബന്ധിച്ച്‌ റൂറല്‍ എസ്.പിക്കും ചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരി സജീവ് ജോസഫ് എം.എല്‍.എക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു. വിജയമ്മയുടെ മകള്‍, സഹോദരൻ സജി എന്നിവരും വാർത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ