തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയും സീനിയര്‍ അഭിഭാഷകനുമായ ബെയ്‌ലിന്‍ ദാസ് പിടിയില്‍.
തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്‌ലിന്‍ ദാസ് പിടിയിലായത്. തുമ്പ പൊലീസ് ആണ് അഭിഭാഷകനെ പിടികൂടിയത്.
കസ്റ്റഡിയില്‍ എടുത്ത ശേഷം ഇയാളെ തുമ്പ സ്റ്റേഷനില്‍ ആണ് ആദ്യം കൊണ്ടു പോയത്. ഇവിടെ നിന്ന് ഇയാളെ ചോദ്യംചെയ്യലിനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയിട്ടുണ്ട്.
യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ബെയ്‌ലിന്‍ ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പ്രതിയെ പിടികൂടാനായി പൊലീസ് വലിയ സമ്മര്‍ദ്ദം തന്നെ പ്രയോഗിച്ചിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും പരിശോധിച്ചിരുന്നു.
ബെയ്‌ലിന്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് നിരന്തരം പരിശോധന നടത്തുകയും ഒന്നിലധികം തവണ നേരിട്ടെത്തുകയും ചെയ്തിരുന്നു.
വലിയ അന്വേഷണങ്ങള്‍ക്ക് ശേഷം സംഭവത്തിന്റെ മൂന്നാം ദിവസമാണ് ബെയ്‌ലിന്‍ ദാസിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരിക്കുന്നത്.പ്രതി സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ സംസ്ഥാന വ്യാപകമായി അലേര്‍ട്ട് നല്‍കിയിരുന്നു.
അതേ സമയം, മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ സംഭവം വ്യാപകമായി പ്രചാരിച്ചതു കൊണ്ട് തന്നെ ബെയ്‌ലിന്‍ ദാസ് ജില്ല വിട്ട് പോകാന്‍ സാദ്ധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
സംഭവ ദിവസം ശ്യാമിലിയെ മര്‍ദ്ദിച്ചതിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിഭാഷകന്റെ മൊബൈല്‍ഫോണ്‍ കഴക്കൂട്ടം പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. അതിനാല്‍ തന്നെ നഗരത്തിനുള്ളില്‍ തന്നേ ഏതെങ്കിലും പ്രദേശത്ത് ഇയാള്‍ ഒളിവിലിരിക്കാനുള്ള സാദ്ധ്യതയാണ് പൊലീസ് കണ്ടത്.