കണ്ണൂർ: ഏത് സീറ്റില്‍ ഇരുന്നാലും ഒരേ ശബ്ദ ദൃശ്യാനുഭവത്തോടെ സിനിമ ആസ്വദിക്കാൻ കഴിയുന്ന ഡോള്‍ബി സിനിമ തിയേറ്റർ രാജ്യത്തെ വൻ നഗരങ്ങള്‍ക്കൊപ്പം കണ്ണൂരിലെ ഗ്രാമത്തിലും എത്തും.
കണ്ണൂർ ജില്ലയിലെ ഉളിക്കലിലാണ് തിയേറ്റർ വരുന്നത്. വിദേശത്ത് മാത്രം ഉണ്ടായിരുന്ന ഡോള്‍ബി സിനിമ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇതിലാണ് ഉളിക്കലിലെ ജി സിനിമാസും.
ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ഒരു തിയേറ്റർ സ്ഥാപിക്കുക എന്നത് മോഹമായിരുന്നെന്നും വൻ നഗരങ്ങള്‍ക്കൊപ്പം നമ്മുടെ നാടിനെയും എത്തിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും ഈ വർഷം തന്നെ തുറന്നു കൊടുക്കാൻ കഴിയുമെന്നും ഉടമ രോഹിത് ജെ ജോർജ് പറഞ്ഞു.
കേരളത്തില്‍ ജി സിനിമാസിനെ കൂടാതെ കൊച്ചിയിലെ ഇവിഎം സിനിമാസിലും ഡോള്‍ബി സിനിമ അനുഭവം എത്തും.
പൂനൈ, ഹൈദരാബാദ്, തിരിച്ചുറപ്പള്ളി, ബംഗ്ലരൂ എന്നിവയാണ് തിയേറ്ററുകള്‍ വരുന്ന മറ്റു നഗരങ്ങള്‍.
പ്രേക്ഷകരുടെ സിനിമാസ്വാദനത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന ഡോള്‍ബി സിനി തിയേറ്റർ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കൊപ്പം ഉളിക്കലിലും സ്ഥാപിക്കുന്നതിൻ്റെ കൗതുകത്തിലാണ് സിനിമ പ്രേമികള്‍.
ഉളിക്കലില്‍ നിലവിലുള്ള ജി സിനിമാസിനോട് ചേർന്നാണ് ഡോള്‍ബി സിനിമയ്ക്കായി കെട്ടിടം ഒരുക്കുന്നത്.
500 സീറ്റുകള്‍ ഉള്ള തിയേറ്റർ ആണ് ഇവിടെ നിർമ്മിക്കുന്നത്. സ്ക്രീനിന് 50 അടി വീതിയും 50 അടി ഉയരവും ഉണ്ട്. ആദ്യത്തെ നിലയില്‍ നിന്ന് സ്ക്രീനിലേക്ക് 10 മീറ്റർ ഗ്യാപ്പും ഉണ്ടാകും
എന്താണ് ഡോള്‍ബി സിനിമ
ഡോള്‍ബി അറ്റ്മോസും ഡോള്‍ബി വിഷനും ഒത്തുചേർന്ന് പ്രേക്ഷകർക്ക് വ്യക്തമായ ദൃശ്യ -ശബ്ദ-മികവോടെ പ്രീമിയം സിനിമ അനുഭവം സാധ്യമാക്കുന്ന തിയറ്ററുകളാണ് ഡോള്‍ബി സിനിമ.
ഇതിനായി അമേരിക്ക ആസ്ഥാനമായ ഡോള്‍ബി ലബോറട്ടറി കമ്ബനിയുടെ അറ്റമോസ്,വിഷൻ എന്നീ രണ്ട് സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക.
ഹൈ ഡയനാമിക് റേഞ്ച് (എച്ച് ഡി ആർ) വീഡിയോകള്‍ക്കായുള്ള സാങ്കേതിക വിദ്യയാണ് വിഷൻ. 8-k വരെ റെസലൂഷൻ ആണ് ഡോള്‍ബി വിഷനില്‍ സാധ്യമാവുക.
പ്രേക്ഷകരുടെ തലയ്ക്കു മുകളിലും സൗണ്ട് ചാനലുകള്‍ കൂട്ടി ചേർത്ത് ത്രീഡി സൗണ്ട് ശബ്ദാനുഭവം സാധ്യമാക്കാൻ അറ്റ്മോസിനും സാധിക്കും.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തിയേറ്ററുകള്‍ ആണ് ഇതിൻ്റെ പ്രധാന പ്രത്യേകത. തിയേറ്ററുകളിലെ ഏതു ഭാഗത്തിരുന്നാലും ഒരേ ദൃശ്യ ശബ്ദാനുഭവം പ്രേക്ഷകർക്ക് കിട്ടും. 'റ' ആകൃതിയില്‍ ആണ് ഇത്തരം തിയേറ്ററുകളില്‍ സീറ്റുകള്‍ ഒരുക്കുന്നത്.