Zygo-Ad

പോലീസ് പ്ലാസ്റ്റിക് കൂരയിലെത്തി ക്ഷണിച്ചു, തെരുവോരത്തെ മറുനാടന്‍ കുട്ടികള്‍ക്ക് ഉല്ലാസയാത്ര


കണ്ണൂർ: ദേശീയ പാതയോരത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിൽ ശ്രീകൃഷ്ണ വിഗ്രഹം നിർമിക്കുന്ന രാജസ്ഥാനി കുടുംബത്തിന്റെ താമസ സ്ഥലത്തേക്ക് പോലീസ് എത്തിയപ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് അമ്പരപ്പ്. 

പേടിക്കേണ്ട കഴിഞ്ഞ വർഷത്തെപ്പോലെ ഒരു ഉല്ലാസ യാത്ര നടത്തിയാലോയെന്ന ജനമൈത്രി പോലീസിന്റെ ചോദ്യത്തിൽ കുട്ടികളും രക്ഷിതാക്കളും ആഹ്ലാദിച്ചു.

 ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടാക്കുന്ന കണ്ണോത്തും ചാലിലെയും താഴെ ചൊവ്വയിലിലെയും കുട്ടികളുമായി പോലീസ് യാത്ര പുറപ്പെട്ടു.

പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രൂക്ഷ ഗന്ധമുള്ള ടെൻഡിൽ നിന്ന് സന്തോഷത്തിന്റെ നാലു മണിക്കൂർ കുട്ടികൾ ശരിക്കും ആസ്വദിക്കുകയായിരുന്നു. 

പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് സംഘടനയുടെ ഫാ. സണ്ണി തോട്ടപ്പള്ളിയുടെ നേതൃത്വവും കണ്ണൂർ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

 വിവിധ പ്രായക്കാരായ 24 കുട്ടികൾ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കുട്ടികൾ എത്തിയതോടെ ആദ്യം ഭയത്തോടെ നോക്കിയെങ്കിലും പിന്നീട് സൗഹൃദത്തിന് വഴിമാറി.

തുടർന്ന് പയ്യാമ്പലം ബീച്ച്, കിഡ്സ് ബേ പാർക്ക് ബീച്ച് എന്നിവടങ്ങളിൽ സമയം ചെലവഴിച്ചു. കുട്ടികൾക്ക് ജ്യൂസും ലഘു ഭക്ഷണവും വാങ്ങി നൽകിയാണ് താമസ സ്ഥലത്ത് വിട്ടത്. ഉച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങിയ യാത്ര വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ കെ.കെ. ഷഹീഷ്, ഡി ക്യാപ് കോഡിനേറ്റർ പി. സുനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ