കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ രാഗേഷിനെ പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ കെ രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ കെ രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ ഏറ്റവും കരുത്തുറ്റ ജില്ലാ ഘടകമായ കണ്ണൂരിൽ കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയാകുന്നതോടെ നേതൃതലത്തിൽ തലമുറ മാറ്റം കൂടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്ക് എത്തിയ ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നവരായിരുന്നു. സമീപകാലത്ത് പി ശശിയും പി ജയരാജനും ഒഴിച്ചുള്ള കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിമാരെല്ലാം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാർട്ടി നേതൃത്വത്തിലെ തലമുറ മാറ്റത്തിൻ്റെ വ്യക്തമായ സൂചന കൂടിയാണ് സിപിഐഎം നൽകിയിരിക്കുന്നത്.
നേരത്തെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിച്ചത്. എതിർപ്പുകളില്ലാതെ ഈ നിർദ്ദേശം സ്വീകരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമെന്ന നിലയിൽ കെ കെ രാഗേഷിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന കെ കെ രാഗേഷിൻ്റെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അംഗീകരിക്കുകയായിരുന്നു.