Zygo-Ad

കോട്ടയം നഴ്സിംഗ് കോളേജിലെ പൈശാചിക റാഗിംഗ്; പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം: ജാമ്യം പ്രായം പരിഗണിച്ച്


കോട്ടയം: കോട്ടയം ഗവണ്‍മെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവല്‍ ജോണ്‍സണ്‍, എസ് എൻ ജീവ, റിജില്‍ ജിത്ത്, കെ പി രാഹുല്‍ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

പഠനം പൂർത്തിയാക്കി ആതുരസേവന രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. 

ഹോസ്റ്റല്‍ മുറിയില്‍ ജൂനിയർ വിദ്യാർത്ഥികളെ സംഘം ചേർന്ന് പീഡിപ്പിച്ച പ്രതികള്‍, നടന്ന സംഭവങ്ങള്‍ പുറത്ത് പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ നവംബർ മുതല്‍ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത.

 ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികള്‍ ക്രൂരത തുടർന്നു. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികള്‍ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. 

ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോള്‍ ദൃശ്യങ്ങള്‍ പകർത്തിയും പ്രതികള്‍ സന്തോഷം കണ്ടെത്തി.

പ്രതികള്‍ തന്നെ പക‍ർത്തിയ പീഡനത്തിന്‍റെ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. തുടർച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണില്‍ നിന്ന് കിട്ടിയിട്ടുണ്ട്. 

40 സാക്ഷികളേയും 32 രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. ഗാന്ധിനഗർ എസ്‌എച്ച്‌ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറിക്കിയത്.

വളരെ പുതിയ വളരെ പഴയ