സ്ഥാനത്ത് തേങ്ങവില ഉയർന്നു തന്നെ. കഴിഞ്ഞ വർഷം ഏപ്രിലില്‍ നാളികേരം കിലോയ്ക്ക് 30.50 രൂപയായിരുന്നു വില. ഇപ്പോള്‍ ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്.
പാലക്കാട് വലിയ അങ്ങാടിയില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഇന്നലെ കിലോയ്ക്ക് 65 രൂപയ്ക്കാണ് നാളികേരം വില്പന നടത്തിയത്. ഇത് ചില്ലറ വില്പനയാണെങ്കില്‍ 5 മുതല്‍ 10 രൂപയുടെ വ്യത്യാസമുണ്ടാകും.
നാളികേരത്തിന് പുറമേ വെളിച്ചെണ്ണ വിലയും അനുദിനം വർദ്ധിക്കുകയാണ്.
ഓയില്‍ ബ്രോക്കേഴ്സ് അസോസിയേഷന്റെ വില വിവരപ്പട്ടിക പ്രകാരം 2022 ഏപ്രില്‍ 22ന് കിലോ ഗ്രാം വില 156 രൂപയായിരുന്നു. ഇപ്പോഴിത് 281 രൂപയാണ്.
തമിഴ്നാട്ടിലും കർണാടകയിലും നാളികേര മൂല്യ വർദ്ധിത ഉത്പന്ന കമ്പനികള്‍ വർദ്ധിച്ചതോടെ കേരളത്തില്‍ നാളികേര ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി.
ഇരു സംസ്ഥാനങ്ങളിലേക്കും കേരളത്തില്‍ നിന്നുള്ള തേങ്ങ വ്യാപകമായി കൊണ്ടു പോകുന്നുണ്ട്. കർണാടകയില്‍ തേങ്ങാപ്പാല്‍ അധിഷ്ഠിത കമ്പനികളാണ് മുഖ്യ ആവശ്യക്കാർ. തമിഴ്നാട്ടില്‍ തേങ്ങാപ്പൊടി ഉത്പാദന കമ്പനികളും.
വിദേശ വിപണികളിലേക്കാണ് ഈ ഉത്പന്നങ്ങള്‍ പോകുന്നത്. കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ തേങ്ങ കർണാടകയിലേക്കും മധ്യ കേരളത്തിലെ തേങ്ങ തമിഴ്നാട്ടിലേക്കുമാണ് കൊണ്ടു പോകുന്നത്.