Zygo-Ad

സിഐടിയു നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്: എൻ ഡി എഫ് പ്രവര്‍ത്തകരെ വീണ്ടും ജയിലിലേക്കയച്ച്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: മലപ്പുറത്തെ സിഐ.ടി.യു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ശിക്ഷായിളവ് റദ്ദാക്കിയത്. 

ഇതോടെ പ്രതികള്‍ക്ക് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. പ്രതികള്‍ക്ക് എതിരെ ചുമത്തിയിരുന്ന വധശ്രമത്തിനുള്ള വകുപ്പ് സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

2001 ജനുവരി 16ന് മഞ്ചേരി ടൗണില്‍ പാണ്ടിക്കാട് റോഡിലെ മാർജിൻ ഫ്രീ മാർക്കറ്റില്‍ വെച്ച്‌ ഷംസു പുന്നക്കലിനെ എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

പിലാക്കല്‍ സലീം, കൊല്ലൻ ജുബൈർ, അബ്ദുല്‍ മുനീർ, ജാഫർ, ജബ്ബാർ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 

ഇതില്‍ സലിം, മുനീർ, ജാഫർ എന്നിവർക്ക് വിചാരണ കോടതി ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 

ജുബൈറിന് അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ജബ്ബാറിനെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു

എന്നാല്‍, ഷംസുവിനെ ആക്രമിക്കുമ്പോള്‍ 'വെട്ടടാ' എന്ന് മാത്രമാണ് പ്രതികള്‍ ആക്രോശിച്ചതെന്നും അതിനാല്‍ കൊല്ലാൻ തീരുമാനിച്ചിട്ടില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷയില്‍ ഇളവ് അനുവദിച്ചിരുന്നു. 

കൊലപാതക ശ്രമത്തിന് പകരം ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 

തടവു ശിക്ഷ ഒരു മാസമായി ഹൈക്കോടതി കുറയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഗുരുതരമായ വെട്ടുകളാണ് ഷംസുവിന്റെ ശരീരത്തില്‍ ഉണ്ടായതെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 

പ്രതികള്‍ക്ക് കനത്ത ശിക്ഷ ആണ് ലഭിക്കേണ്ടിയിരുന്നത് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, വിചാരണ കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകരായ ആർ ബസന്ത്, സ്റ്റാൻഡിങ് കൗണ്‍സില്‍ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. 

ഷംസു പുന്നക്കലിന്റെ ഭാര്യക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. പ്രതികള്‍ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖില്‍ ഗോയല്‍, അഭിഭാഷകൻ എം ആർ രമേശ് ബാബു എന്നിവർ ഹാജരായി.

വളരെ പുതിയ വളരെ പഴയ