Zygo-Ad

ഐപിഎല്‍ കാണുന്ന തിരക്കില്‍ അതിജീവിതയെ സ്റ്റേഷനില്‍ നിര്‍ത്തി സിഐ; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അതിജീവിത


കാട്ടാക്കട: പീഡന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് പോലീസിന്റെ ഭാഗത്തു നിന്നുള്ള ക്രൂരമായ അവഗണന.

ഇരയെ രാത്രി പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് സിഐ ഐപിഎല്‍ മത്സരം കാണുകയായിരുന്നെന്നാരോപിച്ച്‌ അതിജീവിത ഉന്നത പോലീസ് അധികാരികള്‍ക്കും മനുഷ്യാവകശാ കമ്മീഷനും പരാതി നല്‍കി. 

ക്രൂര പീഡനത്തെ തുടര്‍ന്ന് മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷം ബന്ധുക്കളോടൊപ്പം പരാതി നല്‍കാനെത്തിയ യുവതിയെ മൊഴിയെടുക്കാന്‍ രാത്രി 9.30 വരെ വൈകിപ്പിച്ചുവെന്നാണ് പരാതി. 

മൊഴി മാറ്റി രേഖപ്പെടുത്തിയെന്നും പീഡന പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്.

മൊഴിയെടുക്കുമ്പോള്‍ വനിതാപോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വൈകിട്ട് 5ന് പരാതി നല്‍കിയിട്ടും മൊഴിയെടുത്തത് രാത്രി 9.30ന്. പോലീസിന്റെ ഐപിഎല്‍ ഭ്രമം കാരണം അതിജീവിത തിരികെ വീട്ടിലെത്തിയത് രാത്രി 12.30ന്. 

രാത്രി 9.30ന് ശേഷമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊണ്ടുപോയത്. മൊഴിയില്‍ മാറ്റം വരുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. 

തന്റെ മുന്‍ ഭര്‍ത്താവിനെതിരെയും, മാറനല്ലൂര്‍ സിഐക്കെതിരെയും നടപടി വേണമെന്നാണ് അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ അതിജീവിതയുടെ ആവശ്യം.

യുവതിയുടെ ഭര്‍ത്താവ് കൊല്ലം പരവൂര്‍ പൂതക്കുളം ലക്ഷംവീട് കോളനിയില്‍ രജിന്‍കുമാര്‍ (26) ആണ് ആറ് മാസത്തോളമായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത്. 

കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഒരാഴ്ച മുമ്പ് സുഹൃത്തുമായി അതിജീവിതയുടെ കണ്ടലയിലെ വീട്ടിലെത്തിയ രജിന്‍കുമാര്‍ ഇവരുടെ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കടന്നു കളയുകയുമായിരുന്നു. പിന്നീട് പ്രതിയെ മാറനല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ