Zygo-Ad

കണ്ണൂര്‍ നഗരത്തില്‍ മറുനാടൻ തൊഴിലാളിക്ക് കുത്തേറ്റു; സംഭവം പോലീസ് ആസ്ഥാന പരിസരത്ത്


കണ്ണൂർ: നഗര മധ്യത്തില്‍ മറുനാടൻ തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമ ബംഗാള്‍ ജഗല്‍പുരി ലങ്കപ്പാറയില്‍ രഞ്ജിത്ത് മംഗാറി (36) നാണ് കുത്തേറ്റത്.

വയറിന്റെ വലതു ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്റ്റേഡിയത്തിന് സമീപത്തെ സ്വാതന്ത്ര്യ സമര സ്തൂപത്തിന് സമീപത്തു നിന്ന് യുവാവ് നടന്നുവരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

തുടർന്ന് റെയില്‍വേ സ്റ്റേഷൻ കിഴക്കെ കവാടത്തിന് സമീപം പോലീസ് സൊസൈറ്റി ഹാളിനടുത്തുള്ള റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

സമീപത്തുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയും ടൗണ്‍ എസ്‌ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനയുടെ വാഹനത്തില്‍ പോലീസ് ഇയാളെ ജില്ലാ ആസ്പത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പ്രതികളെക്കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. 

അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതർ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൊലപാതകശ്രമം പോലീസ് ആസ്ഥാനത്തിന് കണ്ണെത്തും ദൂരെ

നഗര മധ്യത്തിലെ കൊലപാതക .ശ്രമം അക്ഷരാർഥത്തില്‍ പോലീസിനെ ഞെട്ടിച്ചു. പോലീസ് ആസ്ഥാനത്തിനു സമീപത്ത് ഇത്തരത്തിലുള്ള ആക്രമണം രണ്ടാം തവണയാണ് നടക്കുന്നത്. 2023 ജൂണില്‍ ഇതേ സ്ഥലത്താണ് ലോറി ഡ്രൈവറായ ജിന്റോ കുത്തേറ്റ് മരിച്ചത്.

200 മീറ്ററിനപ്പുറം ക്രൈം ബ്രാഞ്ച് ഓഫീസ്, എസിപി ഓഫീസ്, എആർ ക്യാമ്പ്, ടൗണ്‍ പോലീസ് സ്റ്റേഷൻ, കമ്മിഷണറുടെ കാര്യാലയം, വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി പോലീസ് ഓഫീസുകളുണ്ട്.

 പോലീസിന്റെ കണ്ണെത്തും ദുരെ അക്രമം നടക്കുന്നത് നാട്ടുകാരിലും ഭീതിയുണ്ടാക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ