കോഴിക്കോട്: സ്കൂൾ തുറക്കും മുമ്പേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയാറായി. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളാണ് വിതരണത്തിന് തയാറായി ഡിപ്പോയിലെത്തിച്ചിട്ടുള്ളത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി അച്ചടിച്ച 11 ലക്ഷം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ എത്തിയത്. കോഴിക്കോട് ജില്ല കേന്ദ്രമായ വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഡിപ്പോയിലാണ് പുസ്തകങ്ങളെത്തിയിട്ടുള്ളത്. ഡിപ്പോയിൽനിന്ന് 333 സൊസൈറ്റികളിൽ എത്തിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തവണ രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് മാറിയിട്ടുള്ളത്. കഴിഞ്ഞ തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. മാറിയ പുസ്തകങ്ങളടക്കം ആകെ 64,94,380 പുസ്തകങ്ങളാണ് ജില്ലയിൽ വിതരണത്തിന് ആവശ്യമുള്ളത്. ഇവ രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 41,68,803 പുസ്തകങ്ങളാണ് വിതരണം ചെയ്യുക. ഇത് മേയ് 20ഓടെ പൂർത്തിയാകും.
രണ്ടാംഘട്ട വിതരണം ഓണപ്പരീക്ഷയോടടുത്ത് പൂർത്തിയാകും. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ല ഡിപ്പോയിൽനിന്ന് സൊസൈറ്റികളിലേക്ക് പുസ്തകം വിതരണത്തിന് എത്തുന്നത്. ഡിപ്പോയിൽ 24 കുടുംബശ്രീ പ്രവർത്തകരാണ് പാഠപുസ്തകങ്ങൾ തരം തിരിക്കാനും സൊസൈറ്റികളിലേക്ക് അയക്കാനുമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ 236 സൊസൈറ്റികിളിലേക്ക് ആറു ലക്ഷം പുസ്തകങ്ങൾ എത്തിച്ചുകഴിഞ്ഞു. വേനലവധി കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തും മുമ്പേ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.