ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും അടക്കമുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. 9 മാസത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയിൽ എത്തുന്നത്. സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിലാണ് സംഘം എത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പതിച്ചത്.
ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്.
ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിയിൽ തിരികെയെത്തിയത്. ഫ്ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. കടലിൽ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.
യാത്രികരെ പുറത്തെത്തിച്ച് നിവർന്ന് നിർത്തിയ ശേഷമാണ് ഇവരെ സ്ട്രെച്ചറിൽ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്സാണ്ടർ ഗോർബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറിൽ തീരത്തേക്ക് എത്തിക്കും. തുടർന്ന് വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകൾക്കായി ഇവരെ വിധേയരാക്കും.