പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 1.95 കോടി നഷ്ടം ആവശ്യപ്പെട്ട് ഹർഷിനയും കുടുംബവും കോടതിയില്‍.സംസ്ഥാന സർക്കാർ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍, മാതൃ-ശിശു ആരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഡോ.വിനയചന്ദ്രൻ, ഡോ. രമേശൻ, ഡോ. ഷഹാന, നഴ്സിങ് ഓഫിസർ രഹ്ന, സ്റ്റാഫ് നഴ്സ് മഞ്ജു തുടങ്ങിയവർക്കെതിരെയാണ് ഹർഷിനയും ഭർത്താവ് അഷ്റഫും മൂന്ന് മക്കളും ചേർന്ന് സിവില്‍ കേസ് നല്‍കിയത്. കേസ് പരിഗണിക്കുന്നത് പ്രിൻസിപ്പല്‍ സബ് കോടതി മാർച്ച് 18ന് മാറ്റി. യുവതിക്കും കുടുംബത്തിനും നേരിട്ട എല്ലാ പ്രയാസങ്ങള്‍ക്കുമായി മൊത്തം 1.95 കോടി നഷ്ടപരിഹാരം വേണമെന്നാണ് അഡ്വ.വി.ജെ. ജോസഫ് മുഖേന നല്‍കിയ ഹരജിലെ ആവശ്യം. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ, ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അസി. പ്രഫസറായ ഡോ.സി.കെ. രമേശനെ പ്രതിയാക്കി മെഡിക്കല്‍ കോളജ് പൊലീസ് നേരത്തേ ക്രിമിനല്‍ കേസെടുത്തിരുന്നെങ്കിലും തുടർനടപടികള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയെന്നാണ് പരാതി.
അഞ്ചു കൊല്ലം കഴിഞ്ഞ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കത്രിക പുറത്തെടുത്തു. ഇതിനെപ്പറ്റി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹർഷിന നിരന്തരം സമരം ചെയ്തതോടെയാണ് നാലുപേർക്കെതിരെ കേസെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹർഷിനയുടെ ചികിത്സ തുടരുകയാണ്.
.jpg)