കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും വന്‍ എംഡിഎംഎ വേട്ട. റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ പി എസിന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ് ) സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പയ്യന്നൂര്‍ വെച്ച് 41.250 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പിടിയിലായത്.
KL 60 S 2298 നമ്പര്‍ കാറില്‍ കടത്തിയ എംഡിഎംഎയുമായി പരിയാരം ചുടല സ്വദേശി കാനത്തത്തില്‍ മുഹമ്മദ് അഫ്രീഡി (24), തളിപ്പറമ്പ് സയീദ് നഗര്‍ സ്വദേശി മുഹമ്മദ് ദില്‍ഷാദ് (30) എന്നിവര്‍ ആണ് പിടിയിലായത്. ഇരുവരും മുന്‍പും എംഡിഎംഎയുമായി പിടിയിലായിരുന്നു.
മുഹമ്മദ് അഫ്രീഡി മാസങ്ങളോളം തളിപ്പറമ്പ് പോലിസ് പിടികൂടിയ എംഡി എം എ കേസില്‍ റിമാന്‍ഡില്‍ ആയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വില്‍പ്പന തുടരുകയായിരുന്നു.
പയ്യന്നൂര്‍ എസ്.ഐ. ടോമി പി. എ പ്രതികളെ അറസ്റ്റ് ചെയ്തു. ഗ്രേഡ് എസ്. ഐമാരായ മനോജ് കുമാര്‍, ജോമി ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസില്‍ അബ്ദുല്‍ ജബ്ബാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷംസുദീന്‍, റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു.