തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മറുചേരിയിൽ ചേരുന്നത് തെരഞ്ഞെടുത്തവരുമായുള്ള ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണെന്ന് കോടതി നിരീക്ഷിച്ചു..
ജനത്തോടുള്ള കടപ്പാടിൽ നിന്ന് മാറിപ്പോകണമെന്നുണ്ടെങ്കിൽ സ്ഥാനം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ധാർമികമായ രീതി.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിലെടുത്ത പൊലീസ് കേസിൽ, യുഡിഎഫ് അംഗങ്ങൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതിയുടെ ഈ നിരീക്ഷണം.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിയും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെ്റെയും പ്രവർത്തികൾ ജനാധിപത്യ തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകണമെന്നും കോടതി പറഞ്ഞു.
ജനങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലൊരു ധാർമിക കരാറുണ്ട് തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് തന്റെ നയങ്ങളോ രാഷ്ട്രീയ ചായവോ മാറ്റണമെന്നുണ്ടെങ്കിൽ രാജിവച്ച ശേഷം വീണ്ടും ജനവിധി തേടുകയാണ് ചെയ്യേണ്ടത്.
അല്ലാത്തപക്ഷം ജനങ്ങളുമായുള്ള കരാറിൽ നിന്നുള്ള ഏകപക്ഷീയമായ പിന്മാറലായിപ്പോകും അത് സമ്മതിദാനം നൽകിയ ജനങ്ങളുടെ നിലപാടിനെ അപമാനിക്കലായി മാറും.
ജയിപ്പിച്ച ജനങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒരു ജനപ്രതിനിധി പ്രവർത്തിച്ചാൽ അതിനോട് ജനങ്ങൾ പ്രതികരിക്കേണ്ടത് ജനാധിപത്യപരമായി അടുത്ത തെരഞ്ഞെടുപ്പിലാണ്, അല്ലാതെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ അല്ല എന്നും ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു