കണ്ണൂര്‍: കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യ. ഇന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് നാല് എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു.
തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി.
പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ കെഎസ്‍യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രയും കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോർട്ടും ഭർത്താവിന്‍റെ പേരിലെ ബിനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം.
തന്‍റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റൂ. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.