കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ ആള്‍ക്കൂട്ട മർദനം. മധ്യവയസ്കനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ആണ് മർദിച്ചത്.
കേസില്‍ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉള്‍പ്പെടെ അഞ്ചുപേരും ഒളിവിലാണ്.
പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞി മൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആള്‍ക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നല്‍കിയത് അബ്ദുറഹിമാനാണ്. അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമില്‍ എന്നിവരാണ് മറ്റു പ്രതികള്‍.
അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസില്‍ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു.
നടു റോട്ടില്‍ പട്ടാപ്പകല്‍ നടത്തിയ ആള്‍ക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
