ബാങ്കിന്റെ സമ്മാനം മൊബൈല്‍ ഫോണ്‍; സിം ഇട്ടപ്പോള്‍ അക്കൗണ്ടില്‍നിന്നു പണം പോയി, പുതിയ തട്ടിപ്പ്‌

 


ബംഗളൂരു: പാര്‍സല്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിക്കും പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ്. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.

സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബംഗളൂരു വൈറ്റ്ഫീല്‍ഡ് സിഇഎന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു.

സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. ക്ലോണിങ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇടുന്നതോടെ ഉപയോക്താവിന് ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഡിവൈസില്‍ ലഭിക്കില്ല.

തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്. ഫോണ്‍ ക്ലോണ്‍ ചെയ്തതിനാല്‍, ബാങ്ക് അയച്ച ഒടിപികള്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്തു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.

വളരെ പുതിയ വളരെ പഴയ