കണ്ണൂരില്‍ കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.
2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.