വീണ്ടും കാട്ടാനയാക്രമണം; 22-കാരൻ മരിച്ചു; 2 പേര്‍ക്ക് പരിക്ക്


വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.

സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാതിരി റിസർവ്‌ വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചായിരുന്നു ആക്രമണം. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് ക‍ണാടകയിലേക്ക് പോകുന്ന വഴിയാണ് വിഷ്ണു അപകടത്തില്‍പ്പെട്ടത്.

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനാ ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വന പാതയിലെത്തിച്ചു. വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ ജീവൻ നഷ്ടപ്പെട്ടു.

കണ്ണൂർ ആറളത്തും കാട്ടാനയുടെ ആക്രമണമുണ്ടായി. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് രണ്ടു പേർക്കാണ് പരിക്കേറ്റത്. ആറളം ഫാം 13-ാം ബ്ലോക്കിലെ മേഘ, രഞ്ജിനി എന്നിവർക്കാണ് പരിക്കേറ്റത്. 

ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം കണ്ണൂരിലേക്ക് മാറ്റി. ഓടന്തോട് പാലത്തിനു സമീപത്ത് വച്ചായിരുന്നു സംഭവം.

വളരെ പുതിയ വളരെ പഴയ