കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര വിപണന മേളക്ക് കലക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി മേള ഉദ്ഘാടനം ചെയ്തു.
പത്ത് സ്റ്റാളുകളിലായി 40 കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾ മേളയിലുണ്ട്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങളായ കറി പൗഡറുകൾ, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ചെറുധാന്യങ്ങളുടെ വിവിധ തരം ഉത്പന്നങ്ങൾ,
ചോക്ലേറ്റ്, കേക്ക്, കുറ്റിയാട്ടൂർ മാങ്ങ ഉത്പന്നങ്ങൾ, ജാമുകൾ, ബ്രാൻഡഡ് കുർത്തകൾ, മറ്റ് തുണിത്തരങ്ങൾ, വ്യത്യസ്തയിനം കളി മൺ ചട്ടികൾ, കളിമൺ പ്രതിമകൾ, അലങ്കാര വസ്തുക്കൾ, പേൾ ആഭരണങ്ങൾ, വിപണിയിൽ കുടുംബശ്രീയുടെ ഏറ്റവും പുതിയ ഉൽപന്നമായ കറ്റാർവാഴ, ശംഖുപുഷ്പം ഹെർബൽ സോപ്പുകൾ തുടങ്ങിയവ മേളയിലുണ്ട്.
കുടുംബശ്രീ കണ്ണൂർ കോർപറേഷന്റെ സാന്ത്വനം സ്റ്റാളും മേളയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ 31 ന് രാത്രി എട്ട് വരെയാണ് മേള. ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ വിജിത്, ഡി പി എം നിധിഷ, ആര്യ എന്നിവർ പങ്കെടുത്തു.