കണ്ണൂർ :35മത് ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 31 മുതൽ ജനുവരി 1, 2, 3 തീയതികളിലായി നടക്കും. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സർവ്വീസ് ടീമിനേയും പ്രതിനിധീകരിച്ച് 700 ഓളം കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുക
ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാമത് ദേശീയ ഗെയിംസിന്റെ സെലെക്ഷൻ മത്സരം കൂടി ആണ് ഈ ചാമ്പ്യൻഷിപ്പ്.
ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെ ഇന്ത്യയുടെ ദേശീയ അന്തർദേശീയ താരങ്ങൾ എല്ലാവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച 13 പിസ്റ്റുകളിലാണ് മത്സരങ്ങൾ നടക്കുക.
എപ്പി, സാബർ, ഫോയൽ വിഭാഗത്തിൽ ടീം മത്സരങ്ങളും വ്യക്തിഗത മത്സരങ്ങളും ഉണ്ടായിരിക്കും.
ഡിസംബർ 31 ന് രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ഫെൻസിങ് ഫെഡറേഷന്റെ ഏഷ്യൻ സെക്രട്ടറി രാജീവ് മേത്ത, എം.പി.മാരായ കെ സുധാകരൻ, വി. ശിവദാസൻ, ഫെൻസിങ് ഫെഡറേഷൻ ട്രഷറർ ബഷീർ അഹമ്മദ് ഖാൻ, കേരള സ്‌പോർട്സ് കൌൺസിൽ പ്രസിഡന്റ് യു. ഷറഫലി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവർ പങ്കെടുക്കും.
രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സരങ്ങളുടെ സമയം. ജനവരി രണ്ടിന് രാവിലെ ഏഷ്യൻ ഫെൻസിങ് സെക്രട്ടറിയായി തിരഞ്ഞെടുത്ത രാജീവ് മേത്തക്ക് മുണ്ടയാട് സ്റ്റേഡിയത്തിൽസ്വീകരണം നൽകും.
സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ അഡ്വ. സജീവ് ജോസഫ്, എം വിജിൻ, ടി.ഐ. മധുസൂദനൻ, അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവർ പങ്കെടുക്കും.