Zygo-Ad

മാജിക്കൽ റൈസ് കേരളത്തിലും വിളഞ്ഞു

 


പാലക്കാട്: അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തിൽ അരിയിട്ട് വച്ചാൽ അരമണിക്കൂർ കൊണ്ട് നല്ല തുമ്പപ്പൂ നിറമുള്ള ചോറ് തയ്യാർ. വെള്ളം തിളപ്പിക്കാതെ തന്നെ ചോറ് ഉണ്ടാക്കാനാകുന്ന മാജിക്കൽ റൈസ് എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് പാലക്കാട്ടും വിളഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങൾ വിളയിച്ചെടുത്ത എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ് അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറൻ അസമിലെ നെല്ലിനം ആണിത്. തണുത്ത വെള്ളത്തിൽ അരിയിട്ട് അടച്ച് വച്ചാൽ 30-45 മിനിറ്റ് കൊണ്ട് ചോറാകും. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15 മിനിറ്റ് മതി.

ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായി. അസമിൽ നിന്ന് വിത്ത് എത്തിച്ച് 12 സെന്റിൽ കൃഷിയിറക്കി. ജൈവ കൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച് 20 ദിവസങ്ങൾക്ക് ശേഷമാണ് നട്ടത്. നടുന്നതിന് മുൻപ് ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയ കീടശല്യം ഉണ്ടായെങ്കിലും വേപ്പെണ്ണ അടക്കമുള്ള ജൈവ കീടനാശിനി കൊണ്ട് പ്രതിരോധിച്ചു.

വെള്ളം കാര്യമായി വേണ്ടി വന്നില്ല. മൂന്നടി വരെ ഉയരത്തിൽ നെൽച്ചെടി വളരും. 100-110 ദിവസം കൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിൻ്റെ മൂപ്പ്. 12 സെൻ്റിൽ നിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടിൽ രണ്ട് തവണയായി വേവിച്ച് എടുത്താണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.

പ്രകൃതി ദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെ തന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിൽ എത്തിക്കാനാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ