കണ്ണൂർ : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് ജില്ലയില്‍ ആവേശകരമായ സ്വീകരണം.
പയ്യന്നൂർ കണ്ടങ്കാളി ഷേണായി ഹയർ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വീകരണം ടിഐ മധുസൂദനൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ എം പ്രസാദ് അധ്യക്ഷനായി. നാടക സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.
ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന, ഹയർ സെക്കന്ററി സ്‌കൂള്‍ പ്രിൻസിപ്പാള്‍ പിവി വിനോദ്കുമാർ, പ്രധാനധ്യാപകൻ സി സുധാകരൻ എന്നിവർ സംസാരിച്ചു. അക്കാദമി അംഗം പ്രദീപ് ചൊക്ലി സ്വാഗതവും റീജിനല്‍ കോർഡിനേറ്റർ പി കെ ബൈജു നന്ദിയും പറഞ്ഞു. ജയരാജിന്റെ ഒറ്റാല്‍ പ്രദർശിപ്പിച്ചു.
ചൊക്ലി നിടുമ്പ്രം മഠപ്പുരയില്‍ നല്‍കിയ സ്വകരണ പരിപാടി മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ അധ്യക്ഷയായി. സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.
ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ജിത്തു കോളയാട്, പഞ്ചായത്ത് അംഗം കെ പ്രദീപ്, മഠപ്പുര കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ അട്ടംപ്പായി, പി കെ ബൈജു എന്നിവർ സംസാരിച്ചു. ടൂറിംഗ് ടാക്കീസ് സാരഥികളായ സജിത്ത് കോട്ടയില്‍, ആർ അരുണ്‍, ജോയ് ദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രദീപ് ചൊക്ലി സ്വാഗതവും ഷിജു പുതുശേരി നന്ദിയും പറഞ്ഞു.
