എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി.
എം എം ലോറന്‍സിന്‍റെ ആഗ്രഹപ്രകാരം മരണശേഷം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഇളയ മകള്‍ ആശാ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മൃതദേഹം മതാചാരപ്രകാരം സംസ്ക്കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു. മൃതദേഹം പഠനാവശ്യത്തിന് കൈമാറാമെന്ന കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം കോടതി ശരിവെച്ചു.
കഴിഞ്ഞ മാസം 21നായിരുന്നു എം എം ലോറന്‍സ് അന്തരിച്ചത്. മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിന് ഉപയോഗിക്കാനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറണമെന്നുമുള്ള തന്‍റെ പിതാവിന്‍റെ ആഗ്രഹം മകൻ എം എൽ സജീവൻ
സി പി ഐ എം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് മൃതദേഹം കൈമാറാനിരിക്കെ ലോറൻസുമായി ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
മാത്രമല്ല, തീരുമാനം ചോദ്യം ചയ്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കേരള അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കല്‍ കോളേജധികൃതര്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. മൂന്ന് മക്കളുടെയും വാദം കേട്ട മെഡിക്കല്‍ കോളേജ് ഉപദേശക സമിതി അനാട്ടമി ആക്ടനുസരിച്ച് മൃതദേഹം പഠനാവശ്യത്തിനായി കൈമാറാമെന്ന് നിലപാടെടുക്കുകയും ചെയ്തു, ഇത് ചോദ്യം ചെയ്ത് ആശാലോറന്‍സ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.